Share
Showing posts with label വയനാട്. Show all posts
Showing posts with label വയനാട്. Show all posts

Tuesday, March 16, 2010

മുത്തങ്ങ വന്യ ജീവി സംരക്ഷണ കേന്ദ്രം


എടയ്ക്കൽ ഗുഹയിൽ നിന്നിറങ്ങിയപ്പോളേക്കും സമയം 3 മണിയോടടുത്തിരുന്നു. എത്രയും പെട്ടെന്ന് മുത്തങ്ങയിൽ എത്തിച്ചേർന്നില്ലെങ്കിൽ അന്നത്തെ യാത്ര മുടങ്ങുമെന്നതിനാൽ ഞങ്ങൾ എവിടേയും സമയം കളയാൻ നിന്നില്ല. സുൽത്താൻ ബത്തേരി ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഞങ്ങൾ പെട്ടെന്നു തന്നെ മുത്തങ്ങയിലേക്ക് തിരിച്ചു.


ഒരു കാലത്ത് വന്യമൃഗങ്ങളെ ധാരാളം കണ്ടിരുന്ന സ്ഥലത്ത് കൂടിയാണ് ഞങ്ങൾ യാത്ര ചെയ്യുന്നത് എന്ന് ഞങ്ങളുടെ ഗൈഡ് ഞങ്ങളെ അറിയിച്ചു.അത്രയ്ക്കൊന്നും ഒരു കാടിന്റെ ഭീകരത ഞങ്ങൾക്ക് തോന്നിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മുത്തങ്ങയിൽ എത്തിച്ചേരാം. നല്ല വീതിയുള്ള റോഡായിരുന്നു സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങയിലേക്കുള്ളത്.

നാലു മണിക്കാണ് ഞങ്ങൾ അവിടെ എത്തിയതെങ്കിലും ഭയങ്കര തിരക്കാണ് അവിടെ അനുഭവപ്പെട്ടത്. ഉള്ളിലേക്ക് കടക്കാനുള്ള ജീപ്പും അതിനുള്ള പാസ്സും സംഘടിപ്പിക്കുന്നതിനായി കുറേയേറെ സമയം അവിടെ കാത്ത് നിൽക്കേണ്ടതായി വന്നു

ഹൈവേ ആണെങ്കിലും ഇരു വശങ്ങളിലും മുളംകാടുകളും കുരങ്ങന്മാരേയും അവിടെ കാണാൻ സാധിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ചിലർ അവിടെ മലയണ്ണാനെ കണ്ടു. പക്ഷെ നിർഭാഗ്യവശാൽ എനിക്ക് മലയണ്ണാനെ കാണാൻ സാധിച്ചില്ല. കാട്ട് തേൻ,ചെറുതേൻ,കുടമ്പുളി,കസ്തൂരി മഞ്ഞൾ തുടങ്ങിയവ വിൽക്കുന്ന ബത്തേരി പട്ടിക വർഗ്ഗ സഹകരണ വകുപ്പിന്റെ ഒരു കട അവിടെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളിൽ ചിലർ ചെറുതേൻ അവിടെ നിന്നും മേടിക്കുകയുണ്ടായി. ആദിവാസികളിൽ ചിലരാണത്രേ ഇതൊക്കെ സംഘടിപ്പിച്ച് അവിടെ എത്തിക്കുന്നത്.


ഒടുവിൽ ഞങ്ങളുടെ ജീപ്പ് തയ്യാറായി വന്നു. ഞങ്ങളുടെ ഗൈഡ് കുറെയേറെ നിർബന്ധിച്ചതു കൊണ്ടാണ് ആ ജീപ്പ് ഡ്രൈവർ പോകാൻ കൂട്ടാക്കിയത്. 5 മണി കഴിഞ്ഞാൽ ആരേയും സന്ദർശനത്തിനു അനുവദിക്കില്ലെന്ന് പിന്നീട് ആ ജീപ്പ് ഡ്രൈവർ പറഞ്ഞു. 2 ജീപ്പിലായാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.


കുറച്ച് ദൂരം കഴിഞ്ഞപ്പോൾ തന്നെ ഒരു ആനയെ കാണുവാൻ കഴിഞ്ഞെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ അത് അവിടെ കെട്ടിയിട്ട ഒരു നാട്ടാനയാണെന്നറിയാൻ കഴിഞ്ഞു.


കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ 45 മിനിട്ട് യാത്രയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. നിർദ്ദിഷ്ട പാതയിലൂടെ ഒരേ വേഗത്തിൽ വണ്ടി ഓടിക്കൊണ്ടേയിരുന്നു. കുറേയേറെ ദൂരം പോയിട്ടും ഒരു വന്യ ജീവിയേപ്പോലും കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

ഒടുവിൽ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ കുറെ മാനുകളെ കാണുവാൻ സാധിച്ചു. ഒരു പാട് മാനുകൾ കൂട്ടം കൂട്ടമായി പുല്ല് മേയുന്നത് ഞങ്ങൾ കണ്ടു.

ഒരു സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ ഞങ്ങളോട് ആ സ്ഥലത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞു. അതെന്താണെന്നു വെച്ചാൽ അ സ്ഥലം സ്ഥിതി ചെയ്യുന്നത് കേരള-തമിഴ്നാട്-കർണ്ണാടക അതിർത്തിയിലാണെന്നതാണ് അതിന്റെ പ്രത്യേകത.


ഏതാണ്ട് യാത്രയുടെ മുക്കാൽ ഭാഗത്തോളം കഴിഞ്ഞപ്പോളാണ് ഞങ്ങൾക്ക് ഒരു ആനയെ കാണാൻ സാധിച്ചത്. അങ്ങകലെ ഒരു കുറ്റിക്കാട്ടിൽ മറഞ്ഞ് നിന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു ആ ആന. അകലത്തായത് കൊണ്ട് നല്ല ചിത്രങ്ങൾ ഏടുക്കുന്നതിനു സാധിച്ചില്ല.


ഇതിൽ കൂടുതൽ ഒരു മൃഗത്തിനേയും ഞങ്ങൾക്ക് അന്നത്തെ ആ സഞ്ചാരത്തിനിടയിൽ കാണാൻ സാധിച്ചില്ല. ആന,കടുവ,തുടങ്ങിയ മൃഗങ്ങളേയും വളരെ അടുത്ത് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. ചിലപ്പോൾ ഞങ്ങൾ പോയത് ശരിയായ സമയത്താവത്തത് കൊണ്ടായിരിക്കും ഞങ്ങൾക്ക് കൂടുതൽ ജീവികളെ ഒന്നും കാണാൻ സാധിക്കാഞ്ഞത്.

തിരിച്ച് വരുന്ന വഴിക്ക് കർണ്ണാടക ഭാഗത്ത് നിന്നുള്ള ഹൈവേയിലൂടെ വരണം ഞങ്ങൾ പുറപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതിനായി. അവിടെ എത്തി ഞങ്ങൾ അടുത്തുള്ള ഒരു അരുവിയിൽ കുളിച്ചപ്പോൾ ജീപ്പിൽ സഞ്ചരിച്ചതിന്റെ ക്ഷീണമെല്ലാം മാറി. കല്പറ്റ എത്തി ഭക്ഷണം കഴിച്ച് ഒരു സിനിമ കാണാൻ വിചാരിച്ചിരുന്നുവെങ്കിലും ഞങ്ങൾ വന്ന വാഹനത്തിനു പിറ്റേന്ന് വേറെ ഒരു ഓട്ടമുള്ളത് കൊണ്ടും സിനിമക്ക് പോകൽ നടന്നില്ല. തിരിച്ച് താമരശ്ശേരി-മുക്കം-അരീക്കോട് വഴിയാണ് വണ്ടി പോന്നത്. ചുരം ഇറങ്ങി കഴിഞ്ഞപ്പോളേക്കും എല്ലാവരും ഗാഢ നിദ്രയിലായിക്കഴിഞ്ഞിരുന്നു.

Read more...

Monday, March 15, 2010

ഇടയ്ക്കൽ ഗുഹ

സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട് മടങ്ങുന്ന വഴിക്ക് തിരിച്ച് കല്പറ്റ പോയി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. പിന്നീട് ഞങ്ങൾ എടക്കൽ ഗുഹയിലേക്കാണ് പോയത്.കൽ‌പ്പറ്റയിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററോളമുണ്ട് എടക്കൽ ഗുഹയിലേക്ക്. വഴിക്കിരുവശവും നല്ല നല്ല പ്രകൃതി ദൃശ്യങ്ങൾ കാ‍ണാമായിരുന്നു.

 കുറച്ച് കഴിയുമ്പോൾ റോഡിന്റെ വീതി കുറഞ്ഞ് കുറഞ്ഞ് വരുന്നതായി തോന്നി.പല ഭാഗങ്ങളിലും മറ്റ് വാ‍ഹനങ്ങൾ വരുമ്പോൾ ഞങ്ങളുടെ വാഹനം നിർത്തിയിടേണ്ടതായി വന്നു.
ഒടുവിൽ ഞങ്ങളുടെ വാഹനം എടക്കൽ ഗുഹയുടെ പാർക്കിങ്ങ് ഏരിയായിൽ എത്തിച്ചേർന്നു. എനിയങ്ങോട്ട് ഒന്നുകിൽ നടക്കണം അല്ലെങ്കിൽ ജീപ്പ് സർവ്വീസ് ലഭ്യമാണ്. ഞങ്ങൾ തിരഞ്ഞെടുത്തത് ജീപ്പ് ആയിരുന്നു. കാരണം എത്രയും പെട്ടെന്ന് എടക്കൽ ഗുഹ കണ്ടു കഴിഞ്ഞാലെ ഞങ്ങൾക്ക് അടുത്ത സ്ഥലമായ മുത്തങ്ങയിൽ എത്തിച്ചേരാൻ പറ്റുകയുള്ളൂ‍.
ഒരു ജീപ്പിൽ 8 പേർക്ക് കയറുവാൻ സാധിക്കും. അവിടെ നിന്നങ്ങോട്ട് ഏതാണ്ട് 2 കിലോമീറ്റർ ദൂരം കയറ്റമുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള വഴിയിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമായിത്തോന്നി. കൂടാതെ ധാരാളം കാൽനടയാത്രക്കരേയും ശ്രദ്ധിക്കണം.
ഒടുവിൽ ഞങ്ങൾ ജീപ്പിനു പോകാവുന്ന അവസാന സ്ഥലംവരെയെത്തി. അവിടെ ടൂറിസ്റ്റുകൾക്കായുള്ള വഴികാട്ടിയും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
 ഞങ്ങളുടെ സംഘത്തിലെ എല്ലാവരും കൂടി ഒരു ജീപ്പിൽ എത്തിച്ചേരാത്തത് കൊണ്ട് ഞങ്ങൾക്ക് മറ്റ് ജീപ്പ് വരേണ്ട സമയം വരെ കാത്ത് നിൽക്കേണ്ടതായി വന്നു. ഈ സമയം ഞങ്ങൾ ഞങ്ങളുടെ ക്ഷീണം തീർക്കുന്നതിനും ദാഹം ശമിപ്പിക്കുന്നതിനായും വിനിയോഗിച്ചു. ഇവിടെ ഞങ്ങൾക്ക് ലഭിച്ച മുളകുപൊടിയിട്ട കൈതച്ചക്ക ക്ഷീണം മാറുന്നതിനു നല്ലതായി തോന്നി.
 അവിടെ നിന്നും പിന്നേയും കുത്തനെയുള്ള കയറ്റം തന്നെയാണ്. നല്ല കരിങ്കല്ലിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.കുത്തനെയുള്ള കയറ്റം കയറിക്കഴിഞ്ഞാൽ പിന്നെ ഗുഹയുടെ ഉള്ളിലേക്കുള്ള വഴിയുടെ മുന്നിലെത്താം. അവിടെയും ചെറിയ ഒരു ഫീസ് കൊടുക്കേണ്ടതായുണ്ട്. 
 ധാരാളം വിദ്യാർത്ഥികൾ അവിടെ സന്ദർശിക്കുന്നതിനായി വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾക്ക് അവിടെ കുറേയേറെ സമയം കാത്ത് നിൽക്കേണ്ടതായി വന്നു. ഗുഹക്കുള്ളിൽ നിന്നും വരുന്നവരെ പുറത്തിറക്കിയിട്ട് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഇതിനായി ഒരു സെക്യുരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. എന്നാലും ഗുഹക്കുള്ളിൽ നിന്നും വരുന്നവരുടെ എണ്ണം വളരെ കൂടുതായത് കൊണ്ടും അകത്തേക്ക് കടക്കാനും പുറത്തിറങ്ങുന്നതിനും ഒരേ വഴി ഉപയോഗിക്കുന്നതിനാലും വളരെ തിരക്ക് ആ വഴിയിൽ അനുഭവപ്പെട്ടു. ഒടുവിൽ ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അകത്തേക്ക് കയറാനുള്ള അനുമതി കിട്ടി.

ഇടുങ്ങിയ വഴിയിലൂടെ അകത്തേക് നടന്ന് വിസ്താരമുള്ള സ്ഥലത്തേക്ക് ചെന്നെത്തി. അവിടെനിന്നും ഇരുമ്പിന്റെ ഗോവണി വഴി മുകളിലോട്ട് കയറണം. പിന്നീട് ചെന്നെത്തുന്നത് മലയുടെ ഒരു പുറംഭാഗത്തേക്കാണ്. അവിടെ നിന്നും നോക്കുമ്പോൾ താഴെ കാണുന്ന ദൃശ്യം വളരെ മികച്ചതാണ്.
 അവിടേയും ഇരുമ്പ് ഗോവണിയുണ്ട് മുകളിലേക്ക് കയറുവാൻ. അത് ശരിക്കും ഭയങ്കരമായ കയറ്റം തന്നെയാണ്. അത് കയറി കഴിഞ്ഞാൽ നമ്മൾ ചെന്നെത്തുന്നത് ഗുഹയുടെ പ്രവേശന ഭാഗത്തേക്കാണ്.
 അതിലൂടെ താഴേക്കിറങ്ങിയാൽ എടക്കൽ ഗുഹയിൽ എത്തി. അവിടേയും ഒരു സെക്യുരിറ്റിയുടെ സേവനം ലഭ്യമാണ്.

പല തരത്തിലുള്ള ചിത്രങ്ങൾ അവിടെയുള്ള പാറകളിൽ വരച്ചിരിക്കുന്നതായി കാണാം. മനുഷ്യർ എങ്ങിനെ ഇവിടെയെത്തിച്ചേർന്നു എന്നും അവർ എങ്ങിനെ ഇവിടെ കഴിഞ്ഞു കൂടി എന്നും ഞങ്ങളോർത്തു. ഭക്ഷണം,വെള്ളം തുടങ്ങിയവയുടെ ലഭ്യത എത്രത്തോളം അന്ന് ഉണ്ടായിരുന്നു എന്നറിയില്ലല്ലോ!

 മുകൾ ഭാഗത്തായി ഒരു ഭീകരമായ ഒരു പാറ വീഴാറായ രീതിയിൽ നിൽക്കുന്നുണ്ട്. അങ്ങോട്ട് നോക്കുമ്പോൾ തന്നെ ഒരു ഭയം ഉള്ളിൽ വന്നു നിറയും

അതുപോലെ ഗുഹക്കകത്ത് ഒരു വിള്ളൽ കാണാനുണ്ട്. അതിലൂടെ പ്രകാശം കടന്നു വരുന്നുണ്ടായിരുന്നു.
 തിരിച്ച് വരുന്നവഴിക്ക് ഞങ്ങൾ എവിടേയും നിന്നില്ല.വരുന്ന വഴിക്ക് ഒരു സംഗതി ഞങ്ങളുടെ ശ്രദ്ധയില്പെട്ടു. ഒരു സ്കൂൾ വിദ്യാർത്ഥിനി അവിടെ ചുമരിൽ എന്തോ എഴുതിയത് സെക്യുരിറ്റി വന്ന് ആ വിദ്യാർത്ഥിനിയേക്കൊണ്ട് തന്നെ മായ്പ്പിക്കുന്നത്. അതു നല്ല കാര്യമായി തോന്നി. എന്തായാലും തിരികെ ഗുഹ കണ്ടിറങ്ങുമ്പോ‍ൾ മനസ്സ് നല്ല പോലെ ശാന്തമായിരുന്നു.

Read more...

Sunday, March 14, 2010

വയനാടൻ യാത്ര രണ്ടാം ഭാഗം


കൽ‌പ്പറ്റ എത്തി ഞങ്ങൾ ഞങ്ങളുടെ റൂം ബുക്ക് ചെയ്തിരുന്നയാളെ വിളിച്ചു. ഒരു പത്ത് മിനിറ്റിനകം അയാൾ ഞങ്ങളുടെ വണ്ടിക്ക് സമീപം എത്തി. കല്പറ്റയിലെ കാലവസ്ഥ അത്രയ്ക്ക് തണുപ്പുള്ളതായി തോന്നിയില്ല. പലരും പറഞ്ഞിരുന്നു അവിടെ നല്ല തണുപ്പാകും സ്വെറ്ററൊക്കെ കരുതിക്കോളാൻ. അവിടെ നിന്നും ഒരു 5 മിനിറ്റിനകം ഞങ്ങൾ റൂമിൽ എത്തിച്ചേർന്നു. ഒരു വീടിന്റെ മുകളിലെ നില ഞങ്ങൾക്കായി ഒരുക്കി വെച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം, നല്ല കട്ടൻ ചായ എന്നിവയൊക്കെ ഉണ്ടാക്കി തന്നു.രാത്രി രണ്ട് മണി വരെ ഞങ്ങൾ വിവിധ വിഷയങ്ങളിൽ സംസാരിച്ചിരുന്നു.

രാവിലെ എഴുന്നേറ്റ് ഞങ്ങൾ നേരെ പോയത് സൂചിപ്പാറ വെള്ളച്ചാട്ടം കാണുന്നതിനായാണ്. കൽ‌പ്പറ്റയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരം ഉണ്ടെന്നു തോന്നുന്നു സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്. വഴിയിലുടനീളം തേയില തോട്ടങ്ങൾ കാണാമായിരുന്നു



അവിടെ ചെന്നപ്പോൾ ഞങ്ങളുടെ ഗൈഡ് പറഞ്ഞിരുന്നു, അവിടെ കടക്കണമെങ്കിൽ ഒരോരുത്തർക്കും പ്രത്യേക പാസ്സ് എടുക്കണമെന്ന്. ഒരാൾക്ക് 20 രൂപ അവർ പാസ്സെന്ന നിലയിൽ എല്ലാവരിൽ നിന്നും ഈടാക്കുന്നു. കൂടാതെ വണ്ടിക്ക് വേറേ ഒരു പാസ്സും. എന്നാൽ ഇതിനു മാത്രം അവിടെ അത്രക്ക് സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടൊ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം. ഒരു നല്ല ടൊയ്ല്റ്റോ, വല്ലവർക്കും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്താനുള്ള സൌകര്യങ്ങളോ ഒന്നും തന്നെ അവിടെ കണ്ടില്ല. കേരളാ സർക്കാർ ഇതിൽ ഇപ്പോഴും ഉഴപ്പുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു നിന്നും ഏകദേശം 15 മിനിട്ട് കുത്തനെയുള്ള ഇറക്കം ഇറങ്ങിയാലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തി ചേരുകയുള്ളൂ. പോകുന്ന വഴി നല്ല കല്ല് കൊണ്ട് വിരിച്ചിട്ടുണ്ട്.



പോകുന്ന വഴിക്കിരുവശവും അഗാധമായ കൊക്കയാണ്. അകലത്ത് നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് കൂടി താഴേക്ക് ഇറങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കാണാറായി.




ധാരാളം ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു.




ഞങ്ങളും അവരുടെ കൂട്ടത്തിൽ കൂടാനായി അവിടേക്കിറങ്ങി.



നല്ല ഒരു അനുഭൂതിയായിരുന്നു ഞങ്ങൾക്ക്. വളരെ ശക്തമായി വെള്ളം തലയിൽ വീഴുമ്പോൾ ഒരു മസ്സാജിന്റെ സുഖമായിരുന്നു. നല്ലവണ്ണം സൂക്ഷിച്ച് സൂക്ഷിച്ച് നടന്നിട്ടും വഴുക്കലുള്ളത് കൊണ്ട് കൂട്ടത്തിൽ ചിലർക്കൊക്കെ വീഴ്ച്ച പറ്റി.



കുളിച്ച് കയറി ഞങ്ങൾ കയറ്റം കയറി തുടങ്ങിയപ്പോളാണ് ഞങ്ങൾ ശരിക്കും കിതച്ച് പോയത്. രാവിലെ വെറും വയറ്റിൽ നടന്നതിന്റേയും കുളിച്ചതിന്റേയും ഫലം അപ്പോൾ മനസ്സിലായി.


തിരിച്ച് പോകുന്ന വഴിക്ക് ചില സംഭരം/നെല്ലിക്ക കടകൾ  ഉണ്ടായിരുന്നത് കൊണ്ട് ആരും തലകറങ്ങി വീണില്ല.



തിരിച്ച് വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി കുറച്ച് നല്ല തേയില,തേൻ, തുടങ്ങിയ സാധനങ്ങൾ മേടിക്കണമെന്നു വിചാരിച്ചുവെങ്കിലും “വില” നല്ല പൊള്ളുന്നതായത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് ഒരോകുപ്പി വെള്ളത്തിൽ അത് ഒതുക്കിത്തീർത്തു.










Read more...

Monday, February 8, 2010

ഞങ്ങളുടെ വയനാടന്‍ യാത്ര












ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ പല സ്ഥലങ്ങളിലേക്കും പോകണമെന്ന് കരുതിയെങ്കിലും എല്ലാ ഗള്‍ഫ്കാരെയും പോലെ സമയ പരിമിതി എന്നെയും പിടികൂടി. കൂടാതെ ഇക്കൊല്ലം ആകെയുള്ള ഒരു അളിയന്റെ വേളി കൂടിയാണ്. അതിനു ഒരാഴ്ച മുംബന്നെ പങ്കെടുക്കണം. പിന്നെ കിട്ടുന്നത് ആകെയുള്ള 20 ദിവസങ്ങളാണ്. അതിനിടയില്‍ ഒരു ട്രിപ്പ്‌ പോകണമെന്നും എല്ലാരും കൂടി ഒന്നിച്ചു കൂടനമെന്നും ഞങ്ങള്‍ വിചാരിച്ചിരുന്നു. ദിവസവും സ്ഥലവുമോന്നും അതിനു വേണ്ടി തിരഞ്ഞെടുതിരുന്നില്ല. രണ്ടു അഭിപ്രായങ്ങള്‍ ആണ് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നത്. ഒന്ന് ആലപ്പുഴ പോയി ഹൌസ് ബോട്ടില്‍ ഒരു ദിവസം താമസിക്കുക. രണ്ടു വയനാട്ടില്‍ പോയി ഒരു ദിവസം തങ്ങുക. ഇതില്‍ ഏത് വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. അളിയന്റെ വേളി കഴിഞ്ഞ ആ ചൂടില്‍ ആണ്, നാരായണേട്ടന്‍ പറഞ്ഞത് നമുക്കിക്കൊല്ലം വയനാട് തന്നെ മതി. അവിടെ നമുക്ക് കാട്ടിലൊരു വീട് ശരിയാക്കാം, രാത്രി മുഴുവന്‍ നമുക്ക് അവിടെ കൂടാം എന്ന്. കൂടാതെ അവിടെ ആരുടെയോ നമ്പര്‍ ഒക്കെ കിട്ടി എന്നും പറഞ്ഞു. എന്തായാലും ആലോചിക്കാം എന്ന് മറുപടി കൊടുത്തു.

ഡിസംബര്‍ 15 തി ആണ് ഇതിനൊരു തീരുമാനം ആയത്. വയനാട് തന്നെ മതി. പോകാന്‍ നമുക്കൊരു ടെമ്പോ ട്രവേല്ലെര്‍ ഏര്‍പ്പടാക്കാം എന്നും തീരുമാനം ആയി. ഉച്ച കഴിഞ്ഞു രണ്ട മണിക്ക് തിരിക്കുക. നേരെ പുതുശ്ശേരി. അവിടുന്ന് നാരായനെട്ടനെയും കൂട്ടി ആറങ്ങോട്ടുകര വഴി കുറ്റിപ്പുറം. വളാഞ്ചേരി കൃഷ്ണേട്ടന്‍ നില്‍ക്കുന്നുണ്ടാകും. തിരുമാന്ധാം കുന്നില്‍ നിന്ന് തിരിച്ചു വരുന്ന വഴി അവിടെ നില്‍ക്കാം എന്നാണു പറഞ്ഞത്. അവിടുന്ന് നേരെ കോഴിക്കോട്. അവിടെ സുഹാസ്‌ കത്ത് നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. സുഹാസ്‌ ബോംബയില്‍ നിന്നാണ് വരുന്നത്. കോഴിക്കോട് നിന്നും നേരെ വണ്ടി താമരശ്ശേരി ചുരം വഴി കല്‍പ്പറ്റ. അവിടെ അന്ന് രാത്രി തങ്ങുക. പിറ്റേന്ന് രാവിലെ സൂചിപ്പാറ വെള്ളച്ചാട്ടം, ഇടയ്ക്കല്‍ ഗുഹ, മുത്തങ്ങ വന്യ ജീവി സംരക്ഷണ കേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച് രാത്രി "പലേരി മാണിക്യം" കണ്ടു തിരിച്ചു വരിക. പുലര്‍ച്ചെ 5 മണി ആകുംബോളെക്കും തിരിച് നാട്ടില്‍ എത്താവുന്നതാണ്. ഇതാണ് ഞങ്ങളുടെ യാത്രാ പ്ലാന്‍.

ഹരിയെ വിളിച്ച് വണ്ടി ഏര്‍പ്പാടാക്കാന്‍ പറഞ്ഞു. യദു ശ്യാം എന്നിവരെ രാജേട്ടന്‍ പറയുന്നുണ്ടാകും. നാരയനെട്ടന്റെ കൂടെ ഇപ്രാവശ്യം നിപുന്‍ ഉണ്ട്. പത്തില്‍ പരീക്ഷ കഴിഞ്ഞു നില്‍ക്കുന്ന സമയം ആണ് അതിനു. പിന്നെ ഞങ്ങള്‍ 3 പേര്‍. ചേലക്കര നിന്നും 2 പേര്‍. സന്ദീപ്‌ തലേ ദിവസം നാരയനെടന്റെ അവിടെ എത്താമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ മൊത്തം 11 പേര്‍. ഡിസംബര്‍ 18 നു യാത്ര പോകാന്‍ തീരുമാനം ആയി. അന്ന് ഉച്ചക്ക് ഞങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം ഹരിയുടെ ഫോണിനായി കാത്തിരുന്നു. 2 മണി കഴിഞ്ഞപ്പോള്‍ ഹരിയുടെ ഫോണ്‍ വന്നു ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്താറായി എന്നും പുറപ്പെട്ടു കൊള്ളുവാനും. അങ്ങനെ ഞങ്ങള്‍ ഭാണ്ഡം മുറുക്കി യാത്ര തുടങ്ങി. മെയിന്‍ റോഡില്‍ എത്തിയപ്പോളാണ് മനസ്സിലായത് ആ ഫോണ്‍ വന്നത് ഞങ്ങളെ പറ്റിക്കാന്‍ ഹരി കല്‍പ്പിച്ചു കൂട്ടി ചെയ്തതാണെന്നും അയാള്‍ ചേലക്കര നിന്നും പോന്നിട്ട് തന്നെ ഇല്ല എന്നും ഇനിയും ഏകദേശം ഒരു മണിക്കൂര്‍ സമയം എടുക്കും എന്നും. യാത്ര തുടങ്ങിയ സ്ഥിതിക്ക് ഇനി തിരിച്ചു പോകണ്ട എന്ന് സാജേട്ടന്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഇനി എന്ത് വേണം എന്നറിയാത്ത സ്ഥിതിയിലായി. പൊരി വെയിലത്ത് റോഡില്‍ അങ്ങനെ നില്‍ക്കുന്നത് അത്ര സുഖമുള്ള കാര്യം ഒന്നുമല്ല. അപ്പോളാണ് എനിക്ക് തോന്നിയത് നമുക്ക് കൊരട്ടിക്കര പോയിരുന്നാലോ എന്ന്. വെച്ച് പിടിച്ചു കൊരട്ടിക്കരക്ക്. അവിടെ ചെന്നപ്പോള്‍ എല്ലാരും ഉറങ്ങുകയായിരുന്നുവെങ്കിലും എല്ല്ലാരേം വിളിച്ച് ഉണര്‍ത്തി കുറച്ച് നേരം കത്ത്തി വെച്ചിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹരിയുടെ ഫോണ്‍ വന്നു അവരെത്തി എന്ന്. കൊരട്ടിക്കാരക്കാരോട് യാത്ര പറഞ്ഞു ഞങ്ങള്‍ യാത്ര തുടങ്ങി. നല്ല വണ്ടി. ചിന്പാന്സിയുറെ മുഖം വരച്ച ബോഡി. 12 പേര്‍ക്ക് ഇരിക്കാവുന്ന ട്രാവേല്ലെര്‍. ഹരിയും ഉണ്ണിയേട്ടനും വന്ടിയിലുന്ടു.










അങ്ങനെ ഞങ്ങള്‍ ഏകദേശം മൂന്നു മണിയോട് കൂടി യാത്ര തുടങ്ങി. നാരായണേട്ടന്‍,നിപുന്‍,സന്ദീപ്‌ എന്നിവരെ പുതുശ്ശേരി ചെന്ന് കൂട്ടത്ത്തിലാക്കി. അവിടെ നിന്നും ഞങ്ങള്‍ പള്ളത്തെത്തി, അതുകഴിഞ്ഞ് ആറങ്ങോട്ടുകര വഴി കുറ്റിപ്പുറം. ഈ സമയം വരെ വാഹനം ഏതാണ്ട് ഭാരതപുഴയുടെ തീരത്ത് കൂടിയാണ് പൊയ്ക്കൊണ്ടിരുന്നത്. നിളയുടെ മാസ്മരിക ഭംഗി ആസ്വദിച്ചു കൊണ്ടു ഞങ്ങള്‍ കുറ്റിപ്പുറം എത്തി. സന്ദീപ്‌, സാജേട്ട്ടന്‍ തുടങ്ങിയവരുടെ സംഗീത സമന്വയം മൂലം യാത്ര ഒട്ടും തന്നെ വിരസത ഉണ്ടാക്കിയതെ ഇല്ല.

കുറ്റിപ്പുറം കഴിഞ്ഞു വളാഞ്ചേരി എത്തിയതോടു കൂടി കൃഷ്ണേട്ടന്‍ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു. മാതാ അമൃതാനന്ദ ദേവിയുടെ വാഹനം കടന്നു പോകുന്നതിനായി ഞങ്ങളുടെ വാഹനം കുറച്ചു നേരം അവിടെ പിടിച്ച് ഇടെണ്ടാതായി വന്നു. കോഴിക്കോട് എത്തുന്നതിനു മുമ്പേ വാഹനം ഒരു സ്ഥലത്ത് നിര്‍ത്തി ഞങ്ങള്‍ എല്ലാവരും കരിന്പ് ജ്യൂസ്‌ കുടിച്ചു. കോഴിക്കോട് ഏകദേശം ൭ മണിയോടു കൂടി ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഞങ്ങള്‍ പറഞ്ഞ സ്ഥലത്ത് സുഹാസ്‌ എത്താത്തത് കൊണ്ടു അവിടെ ഒരു അര മണിക്കൂറോളം നിര്‍ത്തി ഇടെണ്ടാതായി വന്നു. സുഹാസ്‌ എത്തിയതോടെ ഞങ്ങളുടെ സംഘം പൂര്‍ണ്ണമായി. താമരശ്ശേരി ചെന്ന് ഞങ്ങള്‍ വെജ് ഹോട്ടല്‍ നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം ഒരു നോണ്‍ വെജ് ഹോട്ടലില്‍ കയറി ചപ്പാത്തിയും ടുമാടോ കറിയും കഴിച്ചു. ഇനി അങ്ങോട്ട്‌ രണ്ടു മണിക്കൂറോളം ചുരം തന്ന്നെ ആണെന്ന് അവിടെ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.

വാഹനം ചുരം കയറി തുടങ്ങി. എല്ലാവരുടെയും സരസ സംഭാഷണം കാരണം യാത്ര ഒട്ടും തന്നെ വിരസതയോ മടുപ്പോ ഉറക്കമോ ആരിലും വന്നിരുന്നില്ല. "സാധ്യല്ലാച്ചാല്‍ സാധ്യല്ല" എന്ന വാക്പ്രയോഗം ഇടക്കിടക്ക് എല്ലാവരില്‍ നിന്നും കേട്ട് കൊണ്ടേയിരുന്നു. അതിനു കാരണം ഒരു രസകരമായ സംഭവം ആണ്. പണ്ടത്തെ കാലം. നാട്ടില്‍ ആരോ s.s.l.c ക്ക് പഠിക്കുന്ന സമയം. ദിവസവും സ്കൂളിനു മുന്നില്‍ ബസ്‌ നിര്ത്താരില്ലാത്ത കാരണം വിദ്യാര്‍ഥികള്‍ ബസ്‌ തടയാന്‍ പുരപ്പെട്ട്ടു.കണ്ട ആദ്യ ബസില്‍ കയറി കുട്ടികള്‍ കണ്ടക്ടറെയും ക്ലീനെരെയും തെറി പറയാന്‍ തുടങ്ങി. കേക്കാന്‍ അറക്കുന്ന തെറികള്‍ മറ്റു വിദ്യാര്‍ഥികള്‍ പറയുന്നതിനിടയില്‍ ഒരു വിദ്യാര്‍ഥി ചൂടായി കണ്ടക്ടരോട് പറഞ്ഞു "തനിക്ക് നിര്‍ത്താന്‍ സാധ്യല്ലാച്ചാല്‍ സാധ്യല്ല എന്ന് പറയാ ". അത് കേട്ട കണ്ടക്ടര്‍ അയാളോട് ചോദിച്ചു താന്‍ എവിടുത്തെയാ ? എവിടെയാ തന്റെ ഇല്ലം? എന്ന്. കണ്ടക്ടറും ആ ചൂടായാളും ഒരു നമ്പൂതിരി ആയിരുന്നു എന്നതാണ് ഈ സംഭവത്തിലെ ഫലിതം. ഒരു നമ്പൂരി മാക്സിമം ചൂടായാല്‍ ഇത്രയേ ചോദിക്കൂ എന്നതാണ് ഇതിലെ രസികത്തം. ഈ സംഭവം ഞങ്ങള്‍ യാത്രയുടെ തുടക്കത്തിലേ പറഞ്ഞത് കൊണ്ടു ആ പ്രയോഗം എല്ലാവരും യാത്രയില്‍ ഉടനീളം തുടര്‍ന്നു കൊണ്ടെ ഇരുന്നു.

ചുരത്തില്‍ വളരെ പതുക്കയെ വണ്ടി പോയിരുന്നുള്ളൂ. ഇടയ്ക്ക് ഒരു സ്ഥലത്ത് ഞങ്ങള്‍ ചുരം കാണുന്നതിനായി വണ്ടി നിര്‍ത്തി. അവിടെ നിന്നും താഴേക്ക് നോക്കിയപ്പോള്‍ താഴെ ചില വിളക്കുകള്‍ മിന്നാമിന്നികളെ പോലെ പ്രകാശിക്കുന്നത് കണ്ടു. ചില വലിയ വലിയ വാഹനങ്ങള്‍ ചുരം കയറുന്നത് താഴേക്ക് നോക്കിയാല്‍ അറിയാന്‍ പറ്റും. ബ്രിടിഷുകാര്‍ ഈ ചുരം പണിയുന്ന സമയത്ത് ഒരു ആദിവാസി അവിടെ അത് തടയുന്നതിനായി വന്നു. അതിനു കാരണം വനവിഭവങ്ങള്‍ കടത്തുന്നത് തടയാനായിയാണ്. ബ്രിടിഷുകാര്‍ അയാളെ ഒരു ചങ്ങല കൊണ്ടു ഒരു മരത്തില്‍ കെട്ടിയിട്ടു. എന്തിനു പറയുന്നു താമസിക്കാതെ തന്നെ അയാള്‍ മരണപ്പെട്ടു. അത് കഴിഞ്ഞു കുറെ കാലം അതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ആദിവാസികള്‍ അവിടെ അയാള്‍ക്ക് വേണ്ടി ഒരു അമ്പലം ഉണ്ടാക്കി അതിലേക്ക് ആവാഹിച്ചു വെച്ചു. ഇപ്പോളും അവിടെ ആ അമ്പലവും മരത്തില്‍ കെട്ടിയ ചങ്ങലയും കാണുന്നുണ്ട് എന്നാണ് അറിവ്. ചങ്ങല ദിവസവും വളരുന്നുണ്ട് എന്നതും കേക്കുന്ന കഥകള്‍ ആണ്. രാത്രി ആയതു കൊണ്ടു അവിടെ അത് കാണുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

ഏതാണ്റ്റ് രാത്രി 10 മണിയോടു കൂടി ഞങ്ങള്‍ കല്പറ്റ എത്തി ചേര്‍ന്നു.

Read more...
ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP