Share

Tuesday, March 23, 2010

മുരുഡേശ്വർ യാത്ര

എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു പലസ്ഥലത്ത് നിന്നും കേട്ടറിവ് മാത്രമുള്ള ഈ സമുദ്രക്ഷേത്രം സന്ദര്‍ശ്ശിക്കണം എന്നുള്ളത്. മുംബൈയിലേക്കുള്ള യാത്രകളില്‍ പലപ്പോളും ആ വലിയ ശിവ പ്രതിമ നോക്കി ഭക്തിയോടെ വണങ്ങിയിടുണ്ട്.

കഴിഞ്ഞ കൊല്ലം രണ്ടുപ്രാവശ്യം മുരുഡേശ്വർ യാത്രക്കുള്ള ഭാഗ്യം കിട്ടി. ആദ്യ തവണ മുംബൈയില്‍ നിന്നാണ് പോയതെങ്കില്‍ രണ്ടാം തവണ നാട്ടില്‍ നിന്നാണ് പോയത്. മൂകാംബിക യാത്രയോട് അനുബന്ധിച്ചാണ് രണ്ടു യാത്രകളും ഉണ്ടായത് . മൂകാംബികയില്‍ നിന്ന് 65 കിലോ മീറ്റര്‍ ആണ് മുരുഡേശ്വർ‍ക്ക് . സാജേട്ടനും കുടുംബവും , രാജേട്ടനും കുടുംബവും ,ശാന്ത ഇച്ചമ്മയും, ആയിരു‍ന്നു സഹയാത്രികര്‍. മൂകാംബികയില്‍ മാളുവിനെ എഴുത്തിനു ഇരുത്തിയതിനു ശേഷം , ഹോട്ടലുകാർ ഒരുക്കി തന്ന ഇന്നോവയില്‍ ആണ് ഞങ്ങള്‍ മുരുഡേശ്വർ‍ക്ക് പോയത്.


മുരുഡേശ്വർ ക്ഷേത്രം

ഏഷ്യയിലെ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഇവിടെയുള്ളത്. ഒരു ഷെട്ടി കുടുംബതിന്റേതാണ് ഈ ക്ഷേത്രവും അവിടെ അടുത്തുള്ള എല്ലാ സ്ഥലങ്ങളും.



11 മണിയോട് കൂടി ഞങ്ങൾ കൊല്ലൂരില്‍നിന്ന് പുറപ്പെട്ടു. കൊല്ലൂരില്‍ നിന്ന് 35 k.m പോയാല്‍ N.H -17 എത്തും , ഹൈവേയിലൂടെ 40 കിലോ മീറ്ററുണ്ട് മുരുഡേശ്വർ‍ക്ക്. നാല് സംസ്ഥാനങ്ങളില്‍ കൂടി കടന്നു പോകുന്ന ഈ പാതയുടെ അവസ്ഥ തീര്‍ത്തും നിരാശാജനകമാണ് . നമ്മുടെ ഗ്രാമീണ റോഡുകള്‍ പോലും ഇതിലും നല്ലതാണ് . വഴി മുഴുവന്‍ പോലീസ് ചെക്ക്‌ പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇടക്ക് ഇടക്ക് വര്‍ഗീയ കലാപം ഉണ്ടാകുന്ന സ്ഥലങ്ങളാണിതെന്നു ഞങ്ങളുടെ സാരഥി ഞങ്ങളോട് പറഞ്ഞു.

റോഡിന്‍റെ മഹത്വം കാരണം ഞങ്ങള്‍ 2 മണിയോടെ ക്ഷേത്ര നഗരിയില്‍ എത്തി . കൊങ്കണ്‍ പാതയിലെ മുരുഡേശ്വർ‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ മുരുഡേശ്വർക്ക് . അവിടെ എത്തുമ്പോൾ തന്നെ ഒരു കൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയവും, ആശുപത്രി കെട്ടിടവും കാണാം . ഇതും ഈ ഷെട്ടി കുടുംബതിന്റേത് തന്നെയാണ് . ഇവിടെ പാവപ്പെട്ടവര്‍ക്കെല്ലാം തന്നെ സൌജന്യമാണ് , ഇതും ഞങ്ങളുടെ സാരഥി ഞങ്ങളോട് പറഞ്ഞു തന്ന വിവരം തന്നെയാണ്. പൈസ ഉണ്ടാവുന്നതല്ല അത് മറ്റുള്ളവര്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുന്നു എന്നുള്ളതാണ് കാര്യം.


ഞങ്ങള്‍ ചെന്ന സമയം ക്ഷേത്രം അടച്ചിരിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവിടെ ഉള്ള ഒരു മനോഹരമായ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ക്ഷേത്രത്തിന്റെയടുത്ത് തന്നെ ഒരു ഉഗ്രന്‍ ബീച്ചുണ്ട്. ഒട്ടും തന്നെ അപകട സാധ്യതയില്ലാത്ത , മനോഹരം ആയ ബീച്ചാണിത്. ഈ ബീച്ചിന്റെ മുകളിലായിട്ടാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയുന്നത്.



ബീച്ചും അതിന്റെ പരിസര പ്രദേശങ്ങളും വളരെ വൃത്തിയായി സൂക്ഷിക്കാന്‍ അവിടുത്തെ ജീവനക്കാര്‍ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട് എന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ് . ഭക്ഷണം കഴിച്ചു ഞങ്ങള്‍ നേരെ വലിയ ശിവ പ്രതിമ ലക്ഷ്യമാക്കി നീങ്ങി . മുകളില്‍ നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരമാണ് ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍.


ധാരാളം ശില്പങ്ങള്‍ നമുക്ക് അവിടെ ദര്‍ശിക്കാവുന്നതാണ്. എല്ലാം തന്നെ ക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ശില്പങ്ങളാണ് എന്നതാണ് അതിന്റെ പ്രത്യേകതയും . ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി നമുക്ക് കഥകള്‍ മനസ്സിലാക്കാം. അതിനു ചെറുതായി പുരാണം ഗ്രാഹ്യം മതി . രാവണന്‍ തനിക്ക്പരമശിവന്‍ കൊടുത്ത ശിവലിംഗം സന്ധ്യാവന്ദന സമയത്ത് , ബ്രാഹ്മണ വേഷം കെട്ടിയ വിഷ്ണു ഭഗവാന് കൊടുക്കുന്ന രംഗം വളരെ മനോഹരമായി ഇവിടെ ചെയ്തു വെച്ചിരിക്കുന്നു. സൂര്യ ഭഗവാന്റെ രഥവും, ഗീത ഉപദേശത്തിന്റേയും ശില്പങ്ങളും നമുക്കിവിടെ കാണാന്‍ സാധിക്കും . മാത്രമല്ല ഇവിടുത്തെ പൂന്തോട്ടവും നയനാനന്ദകരം തന്നെയാണ്.





 

ഇവിടെ നിന്ന് നോക്കിയാല്‍ സ്വര്‍ണ്ണ നിറത്തിലുള്ള ക്ഷേത്ര സമുച്ചയവും, ആകാശം മുട്ടിനില്‍ക്കുന്ന ക്ഷേത്ര ഗോപുരവും കാണാം . ശിവ പ്രതിമയുടെ പുറകില്‍ നിന്ന് നോക്കിയാല്‍ സമുദ്രത്തിന്റെ ശരിക്കുമുള്ള ഭംഗി നമുക്ക് ആസ്വദിക്കാം. ക്ഷേത്ര ഗോപുരതിന്റേയും , സമുദ്രത്തിന്റേയും ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.


പിന്നെ ഞങ്ങള്‍
നേരെ ബീച്ചിലേക്ക് പോയി. വളരെയധികം വൃത്തിയും വെടിപ്പുമുള്ള ഒരു ബീച്ചാണിത്. ഇന്ത്യയിലെ അപൂര്‍വ്വം ചില ഡ്രൈവിംഗ് ബീച്ചില്‍ ഒന്നാണിത്. അപകട സാധ്യത ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ലൈഫ് ഗാര്‍ഡ്സിനെ അധികമവിടെ കണ്ടില്ല. ഞാനും രാജേട്ടനും മാത്രമേ കടലില്‍ ഇറങ്ങിയുള്ളൂ. ബാക്കിയുള്ളവര്‍ ബോട്ട് സവാരി കൊണ്ടു തൃപ്തിപെട്ടു .




ക്ഷേത്ര ദര്‍ശനത്തിനു നീണ്ട നിര തന്നെയുണ്ടായിരുന്നു. കൂടുതലും സ്കൂള്‍ കുട്ടികളായിരുന്നു. അതുകൊണ്ട് ദര്‍ശനത്തിന് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. ക്ഷേത്രത്തിന്റെ ഉള്‍വശവും മനോഹരമാണ് .ദര്‍ശനം കഴിഞ്ഞു വാഹനത്തില്‍ കയറിയപ്പോളേക്കും സമയം 5 മണിയായിരുന്നു. അസ്തമയം കാണണം എന്ന് ആഗ്രഹമുണ്ടായെങ്കിലും, മൂകംബികയിലെ ദീപാരാധന തൊഴണം എന്നതിനാല്‍ വേഗം മടങ്ങി പോന്നു. വിചാരിച്ചതുപോലെ ദീപാരാധന സമയത്ത് ദേവി സന്നിധിയില്‍ തിരിച്ചെത്തുകയും ചെയ്തു. ക്ഷേത്ര ചരിത്രവും മറ്റും രണ്ടാം യാത്രയുടെ വിവരണത്തില്‍ എഴുതാം . കൂടുതല്‍ ചിത്രങ്ങള്‍ ഞാന്‍ ഇവിടെകൊടുക്കുന്നു .

Read more...

Tuesday, March 16, 2010

മുത്തങ്ങ വന്യ ജീവി സംരക്ഷണ കേന്ദ്രം


എടയ്ക്കൽ ഗുഹയിൽ നിന്നിറങ്ങിയപ്പോളേക്കും സമയം 3 മണിയോടടുത്തിരുന്നു. എത്രയും പെട്ടെന്ന് മുത്തങ്ങയിൽ എത്തിച്ചേർന്നില്ലെങ്കിൽ അന്നത്തെ യാത്ര മുടങ്ങുമെന്നതിനാൽ ഞങ്ങൾ എവിടേയും സമയം കളയാൻ നിന്നില്ല. സുൽത്താൻ ബത്തേരി ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഞങ്ങൾ പെട്ടെന്നു തന്നെ മുത്തങ്ങയിലേക്ക് തിരിച്ചു.


ഒരു കാലത്ത് വന്യമൃഗങ്ങളെ ധാരാളം കണ്ടിരുന്ന സ്ഥലത്ത് കൂടിയാണ് ഞങ്ങൾ യാത്ര ചെയ്യുന്നത് എന്ന് ഞങ്ങളുടെ ഗൈഡ് ഞങ്ങളെ അറിയിച്ചു.അത്രയ്ക്കൊന്നും ഒരു കാടിന്റെ ഭീകരത ഞങ്ങൾക്ക് തോന്നിയില്ല. സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മുത്തങ്ങയിൽ എത്തിച്ചേരാം. നല്ല വീതിയുള്ള റോഡായിരുന്നു സുൽത്താൻ ബത്തേരിയിൽ നിന്നും മുത്തങ്ങയിലേക്കുള്ളത്.

നാലു മണിക്കാണ് ഞങ്ങൾ അവിടെ എത്തിയതെങ്കിലും ഭയങ്കര തിരക്കാണ് അവിടെ അനുഭവപ്പെട്ടത്. ഉള്ളിലേക്ക് കടക്കാനുള്ള ജീപ്പും അതിനുള്ള പാസ്സും സംഘടിപ്പിക്കുന്നതിനായി കുറേയേറെ സമയം അവിടെ കാത്ത് നിൽക്കേണ്ടതായി വന്നു

ഹൈവേ ആണെങ്കിലും ഇരു വശങ്ങളിലും മുളംകാടുകളും കുരങ്ങന്മാരേയും അവിടെ കാണാൻ സാധിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ചിലർ അവിടെ മലയണ്ണാനെ കണ്ടു. പക്ഷെ നിർഭാഗ്യവശാൽ എനിക്ക് മലയണ്ണാനെ കാണാൻ സാധിച്ചില്ല. കാട്ട് തേൻ,ചെറുതേൻ,കുടമ്പുളി,കസ്തൂരി മഞ്ഞൾ തുടങ്ങിയവ വിൽക്കുന്ന ബത്തേരി പട്ടിക വർഗ്ഗ സഹകരണ വകുപ്പിന്റെ ഒരു കട അവിടെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളിൽ ചിലർ ചെറുതേൻ അവിടെ നിന്നും മേടിക്കുകയുണ്ടായി. ആദിവാസികളിൽ ചിലരാണത്രേ ഇതൊക്കെ സംഘടിപ്പിച്ച് അവിടെ എത്തിക്കുന്നത്.


ഒടുവിൽ ഞങ്ങളുടെ ജീപ്പ് തയ്യാറായി വന്നു. ഞങ്ങളുടെ ഗൈഡ് കുറെയേറെ നിർബന്ധിച്ചതു കൊണ്ടാണ് ആ ജീപ്പ് ഡ്രൈവർ പോകാൻ കൂട്ടാക്കിയത്. 5 മണി കഴിഞ്ഞാൽ ആരേയും സന്ദർശനത്തിനു അനുവദിക്കില്ലെന്ന് പിന്നീട് ആ ജീപ്പ് ഡ്രൈവർ പറഞ്ഞു. 2 ജീപ്പിലായാണ് ഞങ്ങൾ യാത്ര തുടങ്ങിയത്.


കുറച്ച് ദൂരം കഴിഞ്ഞപ്പോൾ തന്നെ ഒരു ആനയെ കാണുവാൻ കഴിഞ്ഞെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ അത് അവിടെ കെട്ടിയിട്ട ഒരു നാട്ടാനയാണെന്നറിയാൻ കഴിഞ്ഞു.


കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ 45 മിനിട്ട് യാത്രയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. നിർദ്ദിഷ്ട പാതയിലൂടെ ഒരേ വേഗത്തിൽ വണ്ടി ഓടിക്കൊണ്ടേയിരുന്നു. കുറേയേറെ ദൂരം പോയിട്ടും ഒരു വന്യ ജീവിയേപ്പോലും കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

ഒടുവിൽ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ കുറെ മാനുകളെ കാണുവാൻ സാധിച്ചു. ഒരു പാട് മാനുകൾ കൂട്ടം കൂട്ടമായി പുല്ല് മേയുന്നത് ഞങ്ങൾ കണ്ടു.

ഒരു സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ ഞങ്ങളോട് ആ സ്ഥലത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞു. അതെന്താണെന്നു വെച്ചാൽ അ സ്ഥലം സ്ഥിതി ചെയ്യുന്നത് കേരള-തമിഴ്നാട്-കർണ്ണാടക അതിർത്തിയിലാണെന്നതാണ് അതിന്റെ പ്രത്യേകത.


ഏതാണ്ട് യാത്രയുടെ മുക്കാൽ ഭാഗത്തോളം കഴിഞ്ഞപ്പോളാണ് ഞങ്ങൾക്ക് ഒരു ആനയെ കാണാൻ സാധിച്ചത്. അങ്ങകലെ ഒരു കുറ്റിക്കാട്ടിൽ മറഞ്ഞ് നിന്ന് എന്തോ തിന്നു കൊണ്ടിരിക്കുകയായിരുന്നു ആ ആന. അകലത്തായത് കൊണ്ട് നല്ല ചിത്രങ്ങൾ ഏടുക്കുന്നതിനു സാധിച്ചില്ല.


ഇതിൽ കൂടുതൽ ഒരു മൃഗത്തിനേയും ഞങ്ങൾക്ക് അന്നത്തെ ആ സഞ്ചാരത്തിനിടയിൽ കാണാൻ സാധിച്ചില്ല. ആന,കടുവ,തുടങ്ങിയ മൃഗങ്ങളേയും വളരെ അടുത്ത് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു. ചിലപ്പോൾ ഞങ്ങൾ പോയത് ശരിയായ സമയത്താവത്തത് കൊണ്ടായിരിക്കും ഞങ്ങൾക്ക് കൂടുതൽ ജീവികളെ ഒന്നും കാണാൻ സാധിക്കാഞ്ഞത്.

തിരിച്ച് വരുന്ന വഴിക്ക് കർണ്ണാടക ഭാഗത്ത് നിന്നുള്ള ഹൈവേയിലൂടെ വരണം ഞങ്ങൾ പുറപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതിനായി. അവിടെ എത്തി ഞങ്ങൾ അടുത്തുള്ള ഒരു അരുവിയിൽ കുളിച്ചപ്പോൾ ജീപ്പിൽ സഞ്ചരിച്ചതിന്റെ ക്ഷീണമെല്ലാം മാറി. കല്പറ്റ എത്തി ഭക്ഷണം കഴിച്ച് ഒരു സിനിമ കാണാൻ വിചാരിച്ചിരുന്നുവെങ്കിലും ഞങ്ങൾ വന്ന വാഹനത്തിനു പിറ്റേന്ന് വേറെ ഒരു ഓട്ടമുള്ളത് കൊണ്ടും സിനിമക്ക് പോകൽ നടന്നില്ല. തിരിച്ച് താമരശ്ശേരി-മുക്കം-അരീക്കോട് വഴിയാണ് വണ്ടി പോന്നത്. ചുരം ഇറങ്ങി കഴിഞ്ഞപ്പോളേക്കും എല്ലാവരും ഗാഢ നിദ്രയിലായിക്കഴിഞ്ഞിരുന്നു.

Read more...

Monday, March 15, 2010

ഇടയ്ക്കൽ ഗുഹ

സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട് മടങ്ങുന്ന വഴിക്ക് തിരിച്ച് കല്പറ്റ പോയി ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. പിന്നീട് ഞങ്ങൾ എടക്കൽ ഗുഹയിലേക്കാണ് പോയത്.കൽ‌പ്പറ്റയിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററോളമുണ്ട് എടക്കൽ ഗുഹയിലേക്ക്. വഴിക്കിരുവശവും നല്ല നല്ല പ്രകൃതി ദൃശ്യങ്ങൾ കാ‍ണാമായിരുന്നു.

 കുറച്ച് കഴിയുമ്പോൾ റോഡിന്റെ വീതി കുറഞ്ഞ് കുറഞ്ഞ് വരുന്നതായി തോന്നി.പല ഭാഗങ്ങളിലും മറ്റ് വാ‍ഹനങ്ങൾ വരുമ്പോൾ ഞങ്ങളുടെ വാഹനം നിർത്തിയിടേണ്ടതായി വന്നു.
ഒടുവിൽ ഞങ്ങളുടെ വാഹനം എടക്കൽ ഗുഹയുടെ പാർക്കിങ്ങ് ഏരിയായിൽ എത്തിച്ചേർന്നു. എനിയങ്ങോട്ട് ഒന്നുകിൽ നടക്കണം അല്ലെങ്കിൽ ജീപ്പ് സർവ്വീസ് ലഭ്യമാണ്. ഞങ്ങൾ തിരഞ്ഞെടുത്തത് ജീപ്പ് ആയിരുന്നു. കാരണം എത്രയും പെട്ടെന്ന് എടക്കൽ ഗുഹ കണ്ടു കഴിഞ്ഞാലെ ഞങ്ങൾക്ക് അടുത്ത സ്ഥലമായ മുത്തങ്ങയിൽ എത്തിച്ചേരാൻ പറ്റുകയുള്ളൂ‍.
ഒരു ജീപ്പിൽ 8 പേർക്ക് കയറുവാൻ സാധിക്കും. അവിടെ നിന്നങ്ങോട്ട് ഏതാണ്ട് 2 കിലോമീറ്റർ ദൂരം കയറ്റമുണ്ട്. വളഞ്ഞും പുളഞ്ഞുമുള്ള വഴിയിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമായിത്തോന്നി. കൂടാതെ ധാരാളം കാൽനടയാത്രക്കരേയും ശ്രദ്ധിക്കണം.
ഒടുവിൽ ഞങ്ങൾ ജീപ്പിനു പോകാവുന്ന അവസാന സ്ഥലംവരെയെത്തി. അവിടെ ടൂറിസ്റ്റുകൾക്കായുള്ള വഴികാട്ടിയും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
 ഞങ്ങളുടെ സംഘത്തിലെ എല്ലാവരും കൂടി ഒരു ജീപ്പിൽ എത്തിച്ചേരാത്തത് കൊണ്ട് ഞങ്ങൾക്ക് മറ്റ് ജീപ്പ് വരേണ്ട സമയം വരെ കാത്ത് നിൽക്കേണ്ടതായി വന്നു. ഈ സമയം ഞങ്ങൾ ഞങ്ങളുടെ ക്ഷീണം തീർക്കുന്നതിനും ദാഹം ശമിപ്പിക്കുന്നതിനായും വിനിയോഗിച്ചു. ഇവിടെ ഞങ്ങൾക്ക് ലഭിച്ച മുളകുപൊടിയിട്ട കൈതച്ചക്ക ക്ഷീണം മാറുന്നതിനു നല്ലതായി തോന്നി.
 അവിടെ നിന്നും പിന്നേയും കുത്തനെയുള്ള കയറ്റം തന്നെയാണ്. നല്ല കരിങ്കല്ലിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.കുത്തനെയുള്ള കയറ്റം കയറിക്കഴിഞ്ഞാൽ പിന്നെ ഗുഹയുടെ ഉള്ളിലേക്കുള്ള വഴിയുടെ മുന്നിലെത്താം. അവിടെയും ചെറിയ ഒരു ഫീസ് കൊടുക്കേണ്ടതായുണ്ട്. 
 ധാരാളം വിദ്യാർത്ഥികൾ അവിടെ സന്ദർശിക്കുന്നതിനായി വന്നിട്ടുള്ളതു കൊണ്ട് ഞങ്ങൾക്ക് അവിടെ കുറേയേറെ സമയം കാത്ത് നിൽക്കേണ്ടതായി വന്നു. ഗുഹക്കുള്ളിൽ നിന്നും വരുന്നവരെ പുറത്തിറക്കിയിട്ട് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഇതിനായി ഒരു സെക്യുരിറ്റിയെ അവിടെ നിർത്തിയിട്ടുണ്ട്. എന്നാലും ഗുഹക്കുള്ളിൽ നിന്നും വരുന്നവരുടെ എണ്ണം വളരെ കൂടുതായത് കൊണ്ടും അകത്തേക്ക് കടക്കാനും പുറത്തിറങ്ങുന്നതിനും ഒരേ വഴി ഉപയോഗിക്കുന്നതിനാലും വളരെ തിരക്ക് ആ വഴിയിൽ അനുഭവപ്പെട്ടു. ഒടുവിൽ ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അകത്തേക്ക് കയറാനുള്ള അനുമതി കിട്ടി.

ഇടുങ്ങിയ വഴിയിലൂടെ അകത്തേക് നടന്ന് വിസ്താരമുള്ള സ്ഥലത്തേക്ക് ചെന്നെത്തി. അവിടെനിന്നും ഇരുമ്പിന്റെ ഗോവണി വഴി മുകളിലോട്ട് കയറണം. പിന്നീട് ചെന്നെത്തുന്നത് മലയുടെ ഒരു പുറംഭാഗത്തേക്കാണ്. അവിടെ നിന്നും നോക്കുമ്പോൾ താഴെ കാണുന്ന ദൃശ്യം വളരെ മികച്ചതാണ്.
 അവിടേയും ഇരുമ്പ് ഗോവണിയുണ്ട് മുകളിലേക്ക് കയറുവാൻ. അത് ശരിക്കും ഭയങ്കരമായ കയറ്റം തന്നെയാണ്. അത് കയറി കഴിഞ്ഞാൽ നമ്മൾ ചെന്നെത്തുന്നത് ഗുഹയുടെ പ്രവേശന ഭാഗത്തേക്കാണ്.
 അതിലൂടെ താഴേക്കിറങ്ങിയാൽ എടക്കൽ ഗുഹയിൽ എത്തി. അവിടേയും ഒരു സെക്യുരിറ്റിയുടെ സേവനം ലഭ്യമാണ്.

പല തരത്തിലുള്ള ചിത്രങ്ങൾ അവിടെയുള്ള പാറകളിൽ വരച്ചിരിക്കുന്നതായി കാണാം. മനുഷ്യർ എങ്ങിനെ ഇവിടെയെത്തിച്ചേർന്നു എന്നും അവർ എങ്ങിനെ ഇവിടെ കഴിഞ്ഞു കൂടി എന്നും ഞങ്ങളോർത്തു. ഭക്ഷണം,വെള്ളം തുടങ്ങിയവയുടെ ലഭ്യത എത്രത്തോളം അന്ന് ഉണ്ടായിരുന്നു എന്നറിയില്ലല്ലോ!

 മുകൾ ഭാഗത്തായി ഒരു ഭീകരമായ ഒരു പാറ വീഴാറായ രീതിയിൽ നിൽക്കുന്നുണ്ട്. അങ്ങോട്ട് നോക്കുമ്പോൾ തന്നെ ഒരു ഭയം ഉള്ളിൽ വന്നു നിറയും

അതുപോലെ ഗുഹക്കകത്ത് ഒരു വിള്ളൽ കാണാനുണ്ട്. അതിലൂടെ പ്രകാശം കടന്നു വരുന്നുണ്ടായിരുന്നു.
 തിരിച്ച് വരുന്നവഴിക്ക് ഞങ്ങൾ എവിടേയും നിന്നില്ല.വരുന്ന വഴിക്ക് ഒരു സംഗതി ഞങ്ങളുടെ ശ്രദ്ധയില്പെട്ടു. ഒരു സ്കൂൾ വിദ്യാർത്ഥിനി അവിടെ ചുമരിൽ എന്തോ എഴുതിയത് സെക്യുരിറ്റി വന്ന് ആ വിദ്യാർത്ഥിനിയേക്കൊണ്ട് തന്നെ മായ്പ്പിക്കുന്നത്. അതു നല്ല കാര്യമായി തോന്നി. എന്തായാലും തിരികെ ഗുഹ കണ്ടിറങ്ങുമ്പോ‍ൾ മനസ്സ് നല്ല പോലെ ശാന്തമായിരുന്നു.

Read more...

Sunday, March 14, 2010

വയനാടൻ യാത്ര രണ്ടാം ഭാഗം


കൽ‌പ്പറ്റ എത്തി ഞങ്ങൾ ഞങ്ങളുടെ റൂം ബുക്ക് ചെയ്തിരുന്നയാളെ വിളിച്ചു. ഒരു പത്ത് മിനിറ്റിനകം അയാൾ ഞങ്ങളുടെ വണ്ടിക്ക് സമീപം എത്തി. കല്പറ്റയിലെ കാലവസ്ഥ അത്രയ്ക്ക് തണുപ്പുള്ളതായി തോന്നിയില്ല. പലരും പറഞ്ഞിരുന്നു അവിടെ നല്ല തണുപ്പാകും സ്വെറ്ററൊക്കെ കരുതിക്കോളാൻ. അവിടെ നിന്നും ഒരു 5 മിനിറ്റിനകം ഞങ്ങൾ റൂമിൽ എത്തിച്ചേർന്നു. ഒരു വീടിന്റെ മുകളിലെ നില ഞങ്ങൾക്കായി ഒരുക്കി വെച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ ഞങ്ങൾക്ക് കുടിക്കാനുള്ള വെള്ളം, നല്ല കട്ടൻ ചായ എന്നിവയൊക്കെ ഉണ്ടാക്കി തന്നു.രാത്രി രണ്ട് മണി വരെ ഞങ്ങൾ വിവിധ വിഷയങ്ങളിൽ സംസാരിച്ചിരുന്നു.

രാവിലെ എഴുന്നേറ്റ് ഞങ്ങൾ നേരെ പോയത് സൂചിപ്പാറ വെള്ളച്ചാട്ടം കാണുന്നതിനായാണ്. കൽ‌പ്പറ്റയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരം ഉണ്ടെന്നു തോന്നുന്നു സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്. വഴിയിലുടനീളം തേയില തോട്ടങ്ങൾ കാണാമായിരുന്നു



അവിടെ ചെന്നപ്പോൾ ഞങ്ങളുടെ ഗൈഡ് പറഞ്ഞിരുന്നു, അവിടെ കടക്കണമെങ്കിൽ ഒരോരുത്തർക്കും പ്രത്യേക പാസ്സ് എടുക്കണമെന്ന്. ഒരാൾക്ക് 20 രൂപ അവർ പാസ്സെന്ന നിലയിൽ എല്ലാവരിൽ നിന്നും ഈടാക്കുന്നു. കൂടാതെ വണ്ടിക്ക് വേറേ ഒരു പാസ്സും. എന്നാൽ ഇതിനു മാത്രം അവിടെ അത്രക്ക് സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടൊ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും ഉത്തരം. ഒരു നല്ല ടൊയ്ല്റ്റോ, വല്ലവർക്കും അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്താനുള്ള സൌകര്യങ്ങളോ ഒന്നും തന്നെ അവിടെ കണ്ടില്ല. കേരളാ സർക്കാർ ഇതിൽ ഇപ്പോഴും ഉഴപ്പുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.

വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു നിന്നും ഏകദേശം 15 മിനിട്ട് കുത്തനെയുള്ള ഇറക്കം ഇറങ്ങിയാലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തി ചേരുകയുള്ളൂ. പോകുന്ന വഴി നല്ല കല്ല് കൊണ്ട് വിരിച്ചിട്ടുണ്ട്.



പോകുന്ന വഴിക്കിരുവശവും അഗാധമായ കൊക്കയാണ്. അകലത്ത് നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് കൂടി താഴേക്ക് ഇറങ്ങിയപ്പോൾ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കാണാറായി.




ധാരാളം ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു.




ഞങ്ങളും അവരുടെ കൂട്ടത്തിൽ കൂടാനായി അവിടേക്കിറങ്ങി.



നല്ല ഒരു അനുഭൂതിയായിരുന്നു ഞങ്ങൾക്ക്. വളരെ ശക്തമായി വെള്ളം തലയിൽ വീഴുമ്പോൾ ഒരു മസ്സാജിന്റെ സുഖമായിരുന്നു. നല്ലവണ്ണം സൂക്ഷിച്ച് സൂക്ഷിച്ച് നടന്നിട്ടും വഴുക്കലുള്ളത് കൊണ്ട് കൂട്ടത്തിൽ ചിലർക്കൊക്കെ വീഴ്ച്ച പറ്റി.



കുളിച്ച് കയറി ഞങ്ങൾ കയറ്റം കയറി തുടങ്ങിയപ്പോളാണ് ഞങ്ങൾ ശരിക്കും കിതച്ച് പോയത്. രാവിലെ വെറും വയറ്റിൽ നടന്നതിന്റേയും കുളിച്ചതിന്റേയും ഫലം അപ്പോൾ മനസ്സിലായി.


തിരിച്ച് പോകുന്ന വഴിക്ക് ചില സംഭരം/നെല്ലിക്ക കടകൾ  ഉണ്ടായിരുന്നത് കൊണ്ട് ആരും തലകറങ്ങി വീണില്ല.



തിരിച്ച് വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി കുറച്ച് നല്ല തേയില,തേൻ, തുടങ്ങിയ സാധനങ്ങൾ മേടിക്കണമെന്നു വിചാരിച്ചുവെങ്കിലും “വില” നല്ല പൊള്ളുന്നതായത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് ഒരോകുപ്പി വെള്ളത്തിൽ അത് ഒതുക്കിത്തീർത്തു.










Read more...
ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP