നിളയുടെ വിരിമാറിലൂടെ
എന്റെ ഒരു ബന്ധു രാമേട്ടന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഭാരതപുഴയിലൂടെ ഒരു ദിവസത്തെ യാത്ര. അതിന് വേണ്ടി അവര്‍ ശ്രമിക്കുകയും ചെയ്തതാണ്. അത് പണ്ടത്തെ കാര്യമാണ്. പണ്ടെന്നു പറഞ്ഞാല്‍ ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പ്. യാത്ര എങ്ങനെയാണ് അവർ ഉദ്ദേശിച്ചിരുന്നതെന്നാല്‍ ഒരു ചങ്ങാടം ഉണ്ടാക്കി ഭാരതപുഴയുടെ ഉല്‍ഭവ സ്ഥാനത്ത് നിന്നും പൊന്നാനി വരെ ഈ ചങ്ങാടത്തില്‍ പോവുക. ഏകദേശം വെള്ളമുള്ള കാലത്ത്. പക്ഷെ എന്തുകൊണ്ടോ ആ പരിപാടി ഉപേക്ഷിച്ചു. ഒരു ദിവസം എന്നോട് രാമേട്ടന്‍ ഇതേപ്പറ്റി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഉപേക്ഷിക്കാൻ കാരണം കുറേയേറെ തടയണകൾ വന്നത് കൊണ്ട് ആണെന്ന് തോന്നുന്നു. അന്ന് തുടങ്ങിയതാണ് എനിക്ക് ഭാരതപ്പുഴയിലൂടെ ഒരു യാത്ര വേണം എന്നത്. പക്ഷെ എന്തു കൊണ്ടൊ അത് കുറെ കാലത്തിനു ഓർത്തതേയില്ല.
ഇതിനിടയിൽ ഭാരതപ്പുഴയുമായുള്ള ബന്ധം എന്തൊക്കെയാണ് ഉണ്ടായതെന്ന് വെച്ചാൽ, അനിലിന്റെ കല്യാണത്തിന്റെ തലേന്ന് പള്ളം നിളയിൽ എല്ലാരും കൂടി പുഴയിൽ ഒരുമിച്ച് കൂടി സംസാരിച്ചിരുന്നതും അവസാനം തിരിച്ച് അനിലിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ കഴിക്കാനായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല എന്നതും പൈങ്കുളം ഏഴിക്കോട് ഒരു സദ്യക്കായി തലേന്ന് ചെന്നപ്പോൾ രാത്രി കിടക്കാനായി പുഴയിലേക്ക് പോയതും അവിടെ കിടന്നപ്പോൾ കുറേയേറെ കൊതുകുകൾ ഒന്നിച്ച് ആക്രമിച്ചതും ഉടനെ തിരിച്ച് പോന്നതും മാത്രമായിരുന്നു.
പിന്നീട് ഒരു ദിവസം എനിക്ക് ഒരു കല്യാണത്തിനു തിരുമിറ്റക്കോട് അമ്പലം വരെ പോകേണ്ടതായി വന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് ആദ്യത്തെ ബസ്സിന്നു തിരുമിറ്റക്കോട്ടേക്ക് വെച്ചു പിടിച്ചു. അവിടെ ചെന്നപ്പൊള്‍ അവിടെ കുട്ടനും രാമേട്ടനും ഉണ്ട്. പല പല കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ഈ ഭാരതപ്പുഴ യാത്രയും വിഷയത്തിലെത്തി. തിരിച്ചു പോകുമ്പോള്‍ നമുക്ക് ഭാരതപ്പുഴ വഴി നടന്നു പോകാമെന്ന ഒരാശയം ഞങ്ങളില്‍ വന്നു. ഞങ്ങളിൽ ആര്‍ക്കും എതിരഭിപ്രായം ഒന്നുമുണ്ടായില്ല.
തിരുമിറ്റക്കോട് എന്ന് പറഞ്ഞാല്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു നയന സുന്ദരമായ പ്രദേശമാണ്. പാടങ്ങളും മലകളുമുള്ള തിരുമിറ്റക്കോടിന്റെ ഒരു അതിരിലൂടെ നിളാ നദി നിശ്ശബ്ദം ഒഴുകിക്കൊണ്ടിരിക്കുന്നു.തിരുമിറ്റക്കോട് അമ്പലം അഞ്ചുമൂർത്തിയമ്പലം എന്നാണ് അറിയപ്പെടുന്നത്. പഞ്ചപാണ്ഡവരുടെ അമ്പലം എന്ന നിലയിൽ ഈ അമ്പലം പ്രശസ്ഥമാണ്. പണ്ട് ഈ പ്രദേശം കോഴിക്കോട് സാമൂതിരിയുടെ അധീനതയിലായിരുന്നു. തിരുമിറ്റക്കോട് അമ്പലത്തിന്റെ അവിടെ എത്തിയാല്‍ പുഴ കുറച്ച് ദിശ മാറി ഒഴുകുന്നു.സുന്ദരമായ കാലാവസ്ഥ. മനോഹരമായ കാറ്റ്. അമ്പലത്തിന്റെ ഊട്ടുപുരയിലിരുന്നാല്‍ പുഴ ഒഴുകി വരുന്നത് കാണാം.
അങ്ങിനെ കല്യാണം കഴിഞ്ഞ് ഞങ്ങള്‍ ഒരു രണ്ട് മണിയോടെ ഭാരതപ്പുഴയിലേക്കിറങ്ങി. ബസ്സില്‍ തിരുമിറ്റക്കോടില്‍ നിന്നും ചെറുതുരുത്തി എത്തണമെങ്കില്‍ ഏകദേശം മുക്കാല്‍ മണിക്കൂറോളം സമയം വേണ്ടി വരും.ഞങ്ങൾ ഒരു രണ്ട് മണിക്കൂർ സമയം കണക്കാക്കി.
ഇനി കുറച്ച് ഭാരതപ്പുഴയെക്കുറിച്ച്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ. ആദ്യ സ്ഥാനം പെരിയാറിനാണ്. ഏതാണ്ട് 200 കിലോമീറ്ററോളം ദൂരമുണ്ട് നിളാ നദിക്ക്. നിളാ നദി പശ്ചിമഘട്ടത്തിലെ ആനമുടിയിൽ നിന്നും ഉൽഭവിച്ച് പാലക്കാട്,തൃശ്ശൂർ, മലപ്പുറം ജില്ലകളിലൂടെ സഞ്ചരിച്ച് പൊന്നാനിയിൽ ചെന്ന് അറബിക്കടലിൽ ലയിക്കുന്നു.പ്രശസ്ഥവും അപ്രശസ്ഥവുമായ നിരവധി ക്ഷേത്രങ്ങൾ നിളാ നദി തീരത്തുണ്ട്. തിരുനാവായ,തിരുമിറ്റക്കോട്,ചമ്രവട്ടം,മിത്രാനന്ദപുരം,മുണ്ടായ അയ്യപ്പങ്കാവ്, തിരുവഞ്ചിക്കുഴി, തിരുവില്വാമല ഐവർ മഠം തുടങ്ങിയവ മനസ്സിൽ ഓർമ്മ വരുന്നു. പ്രശസ്ഥമായ കേരള കലാമണ്ഡലം നിളയുടെ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്. ഇന്നത് കുറച്ച് കൂടി ദൂരെയാണ്. കൂടാതെ ഒറ്റപ്പാലം, ഷൊർണ്ണൂർ, പട്ടാമ്പി, പൊന്നാനി തുടങ്ങിയ നഗരങ്ങളും ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്നു. ഭാരതപ്പുഴക്ക് വർഷകാലത്ത് ഒരു ഭാവവും വേനൽക്കാലത്ത് മറ്റൊരു ഭാവവുമാണ്. വർഷകാലത്ത് പുഴ സംഹാരശക്തിയോടെ ഇരുകരകളും മുട്ടി ഒഴുകുന്നു. ഈ സമയത്ത് പുഴയിലേക്ക് നോക്കാൻ തന്നെ പേടിയാവും. എന്നാൽ വേനൽക്കാലത്ത് പുഴയിൽ ചില സ്ഥലങ്ങളിൽ നീരൊഴുക്ക് പോലുമുണ്ടാവുകയില്ല.
യാത്രയുടെ ആരംഭത്തിൽ തന്നെ ഞങ്ങൾക്ക് പുഴ മുറിച്ച് കടക്കേണ്ടതായി വന്നു. മുട്ടറ്റം വരെയുണ്ടായിരുന്ന വെള്ളത്തിലൂടെയുള്ള യാത്ര ഒരു തരം കുളിർമ്മ ഞങ്ങൾക്ക് പകർന്നു തന്നു. പിന്നീടുള്ള യാത്ര മണല്‍പ്പരപ്പിലൂടെയുള്ളതായി. മണലിൽ കാൽ വെക്കുമ്പോൾ കാൽ വെള്ളയിൽ ഒരു തരം തരിപ്പ് അനുഭവപ്പെട്ടു. ആദ്യമൊക്കെ ഞങ്ങളുടെ നടത്തത്തിനു നല്ല വേഗമുണ്ടായിരുന്നു. മണലിലൂടെയുള്ള നടത്തമായതിനാലും കനത്ത വെയിൽ ഉള്ളതിനാലും പോകപ്പോകെ ഞങ്ങളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞ് കുറഞ്ഞ് വരാന്‍ തുടങ്ങി.
ഒരു മണിക്കൂർ പുഴയിലൂടെ നടന്നപ്പോൾ തന്നെ ഞങ്ങളാകെ തളർന്നു. ഷർട്ടെല്ലാം ഊരിയായി പിന്നീടുള്ള നടത്തം. പുഴയുടെ ഭംഗി ആസ്വദിച്ച് കൊണ്ട് ഞങ്ങൾ വേഗം വേഗം നടന്നു. ചില സ്ഥലങ്ങളിൽ പുഴ ഗതി മാറിയൊഴുകുന്നതിനാൽ ഞങ്ങൾക്ക് പുഴയെ മുറിച്ച് കടക്കേണ്ടതായി വന്നിരുന്നു. ചില ഭാഗങ്ങളിലാകട്ടെ വലിയ കുഴികളിൽ ഞങ്ങൾ വീഴാൻ പോയിരുന്നു.
ആറ്റ്വഞ്ചിപ്പൂക്കൾ പുഴയിൽ ധാരാളമായി കാണാനുണ്ടായിരുന്നു. മണലെടുത്തുണ്ടായ കുഴികളും അവയിൽ വെള്ളം കെട്ടിക്കിടക്കുന്നതും മറ്റൊരു കാഴ്ച്ച. ചിലയിടങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭാഗ്യം കൊണ്ട് അവ ഞങ്ങളെ ആക്രമിച്ചില്ല്ല.
ശരിക്കും ഭീകരമായ ഒരു അന്തരീക്ഷമാണ് പുഴയുടെ ഉള്ളിലൂടെയുള്ള ഈ സഞ്ചാരം.പല സ്ഥലങ്ങളിലും ആളുകൾ പുഴയിലേക്കിറങ്ങി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. മിക്കവാറും പുഴയുടെ തീരത്ത് താമസിക്കുന്ന അവർക്ക് അറിയില്ലല്ലോ ഞങ്ങൾ കള്ളന്മാരാണോ നല്ലവരാണോ എന്നത്.കൂടാതെ പലതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളും അവിടെ നടക്കാറുണ്ട് എന്ന് പറഞ്ഞ് കേട്ടിരുന്നു. വാറ്റ് ചാരായം വേനൽക്കാലങ്ങളിൽ പുഴയിൽ യധേഷ്ടം കിട്ടാറുണ്ടത്രെ!
പുഴയുടെ മദ്ധ്യഭാഗത്ത് കൂടിയുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത് ദേശമംഗലം കൊണ്ടയൂർ കടവിൽ ആയിരുന്നു.ഞങ്ങൾ ആ കടവ് കണ്ടപ്പോൾ വിചാരിച്ചത് ചെറുതുരുത്തി പള്ളം കടവ് ആണെന്നായിരുന്നു. പക്ഷെ ഞങ്ങൾ കയറി നോക്കിയപ്പോളാണ് മനസ്സിലായത് അത് പള്ളം അല്ല കൊണ്ടയൂർ ആണെന്ന്. അവിടെ എത്തിയപ്പോൾ സമയം വൈകീട്ട് 6.30 ആയിരുന്നു. ഞങ്ങൾ യാത്ര തുടങ്ങിയത് ഏകദേശം ഊണ് കഴിഞ്ഞ് 2.30 യോട് കൂടിയായിരുന്നു. ഏകദേശം 4 മണിക്കൂർ ഭക്ഷണവും വെള്ളമൊന്നും കഴിക്കാതെയുള്ള ഒരേനടത്തം! ഞങ്ങൾ തൽക്കാലം യാത്ര ഇവിടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. കൊണ്ടയൂർ കടവിലെത്തി ഒരു നാരങ്ങസോഡ ഒറ്റ വലിക്ക് കുടിച്ച് തീർത്തു. അവിടെയുള്ളവർ ഞങ്ങളെ ഒരു സംശയത്തിന്റെ മറവിൽ നോക്കുന്നുണ്ടായിരുന്നു.
കൊണ്ടയൂർ കടവിൽ നിന്നും പിന്നേയും ഒരു അര മണിക്കൂറ് യാത്ര കൂടിയുണ്ടായിരുന്നു ഷൊർണ്ണൂരിലേക്ക്. 10 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ബസ്സ് വന്നതിൽ ഞങ്ങൾ കയറി. ബസ്സിലിരുന്ന് യാത്ര തുടങ്ങിയപ്പോൾ അതു വരെ അനുഭവപ്പെട്ടിരുന്ന ക്ഷീണമൊക്കെ അലിഞ്ഞില്ലാതായി തുടങ്ങി. പള്ളം ഭാഗത്തെത്തിയപ്പോൾ പുഴയിലേക്ക് ഞാൻ നോക്കിയപ്പോൾ പുഴ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കളിച്ച് ജയിച്ച ഒരു യുവതിയുടെ ലാവണ്യം ആ ചിരിക്കുണ്ടായിരുന്നു. എന്നെ അത്ര പെട്ടെന്നൊന്നും തോൽപ്പിക്കാനാവില്ല എന്ന ഭാവം.
പല പല നോവലുകളിലും സിനിമകളിലും നിളക്കുള്ള സ്ഥാനം വലുതല്ല. ശ്രീ.എം.ടി വാസുദേവൻ നായരെപ്പോലുള്ളവർ നിളയെ യധേഷ്ടം തന്റെ എഴുത്തുകളിൽ വർണ്ണിച്ചിട്ടുണ്ട്. ദേവാസുരം,അധാരം,വെങ്കലം,സല്ലാപം,ഗജകേസരിയോഗം,ആറാം തമ്പുരാൻ,നരസിംഹം,കമലദളം തുടങ്ങീ എണ്ണിയാൽ തീരാത്ത സിനിമകൾ നിളയിലും നിളയുടെ തീരങ്ങളിലുമായി നിർമ്മിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ വേനൽക്കാലത്ത് ഭാരതപുഴയിൽ വെള്ളം കിട്ടുന്ന സ്ഥലത്തെത്തണമെങ്കിൽ ചിലപ്പോൾ കുറെയേറെ ദൂരം പുഴയിലൂടെ നടക്കേണ്ടി വരും. മണൽ വാരൽ ഈ പുഴയെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൂടാതെ പലതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളും. അനുദിനം നശിച്ച് കൊണ്ടിരിക്കുന്നു ഇന്ന് നമ്മുടെ നിളാ നദി. പുഴയിൽ വളർന്ന് കൊണ്ടിരിക്കുന്ന ചെടികൾ പുഴയുടെ ഗതി മാറ്റിയൊഴുക്കുന്നു. ആരെങ്കിലും എവിടെ നിന്നെങ്കിലും നിളയെ രക്ഷിക്കാനെത്താതിരിക്കില്ല,അല്ലെ?
മുല്ലപ്പെരിയാർ സംരക്ഷകരെപ്പോലെ ഭാരതപ്പുഴയെ സംരക്ഷിക്കാനും ഒരു കമ്മിറ്റി ഉണ്ടായാൽ നന്നായിരുന്നു.
വളരെ പണ്ട് ഉണ്ടായ ഒരു യാത്രയായതിനാൽ ഒരു ചിത്രം കൂടി ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പിന്നെ താഴെ കാണുന്ന സൈറ്റിലെ ചില ചിത്രങ്ങൾ വെച്ചങ്ങ് ഒരു അഡ്ജസ്റ്റ്മെന്റ് നടത്തി
ചിത്രങ്ങൾക്ക് കടപ്പാട്:-http://www.pbase.com/